ഇന്ത്യ-ശ്രീലങ്കയും തമ്മില്‍ ഇതാദ്യമായി പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പര ആശ്രയത്വത്തിലുള്ളതും പരസ്പരബന്ധിതവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസ്സനായകെയും മോദിയും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട 7 കരാറുകളിൽ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാൽപര്യങ്ങൾ ഒരുപോലെയാണെന്ന് കരുതുന്നതായി മോദി പറഞ്ഞു. പ്രസിഡൻ്റ് ദിസ്സനായകെയോട് ഇന്ത്യൻ താൽപര്യങ്ങളോടുള്ള അനുഭാവപൂർണമായ നിലപാടിന് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയർത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണിൽ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നൽകിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ഇരു നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ പ്രാധാന്യമേറിയ വിഷയം ഊർജമേഖലയിലെ സഹകരണമായിരുന്നു. ട്രിൻകോമാലിയെ ഊർജ ഹബ്ബ് ആക്കി വികസിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ശ്രീലങ്കയുടെ ക്ലീൻ എനർജി ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂർ സൗരവൈദ്യുത പദ്ധതി മോദിയും ദിസനായകെയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ഇരുരാജ്യങ്ങളും ഗ്രിഡ് ഇന്റർകണക്ടിവിറ്റി ഉടമ്പടിയിലും ഒപ്പിട്ടിട്ടുണ്ട്. ഭാവിയിൽ ശ്രീലങ്കയ്ക്ക് ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സാധ്യത ഈ കരാർ തുറന്നിടുന്നു.

Related Posts