61-കാരിയായ അയൽവാസിയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി ബെംഗളൂരുവിലെ രാമസന്ദ്രയ്ക്കു സമീപമുള്ള തടാകത്തിൽ ഉപേക്ഷിച്ച കേസിൽ 21-കാരനെ പൊലീസ് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു. ഓൺലൈൻ ഗെയിമിംഗിലൂടെ ഉണ്ടായ കടബാധ്യത തീർക്കാനായിട്ടാണ് പ്രതി മോഷണവും ക്രൂരമായ കൊലപാതകവും നടത്തിയത്.
മണ്ഡ്യ ജില്ലയിലെ ഗംഗനഹള്ളി സ്വദേശിയും നിലവിൽ കെങ്കേരി ചല്ലഘട്ടയിലെ യെല്ലപ്പ ലേഔട്ടിൽ താമസിക്കുന്ന ഗഗൻ രാജഗൗഡ (21)യാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് 61-കാരിയായ ജയമ്മ ബോരെഗൗഡയാണ്. ഇവരെ കാണാതായതായി കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഓൺലൈൻ ഗെയിമിംഗും ബെറ്റിംഗും മൂലം വലിയ സാമ്പത്തിക ബാധ്യതയിലായിരുന്ന ഗഗൻ, പണം കണ്ടെത്തുന്നതിനായി ജയമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നെടുക്കാൻ ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ രാമസന്ദ്ര തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കാണാതായ സ്ത്രീയെക്കുറിച്ചുള്ള പരാതിയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
അന്വേഷണത്തിൻ്റെ ഭാഗമായി വെറും 24 മണിക്കൂറിനകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും, കവർന്ന സ്വർണാഭരണങ്ങൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതിക്കെതിരെ കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.