ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ചത് സിപിഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സി. പി. എമ്മിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയാണ്. ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ല എന്ന് വിഡി സതീശൻ പറഞ്ഞു.
കോഴിക്കോട് റൂറൽ എസ്പി അടക്കമുള്ളവർ ഇന്നലെ പറഞ്ഞത് പൊലീസ് ഒന്നും ചെയ്തില്ല. ലാത്തിയിൽ തൊട്ടിട്ടേയില്ല എന്നൊക്കെയാണ്. കള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ബോധപൂർവമാണ് ഷാഫിയെ ആക്രമിച്ചത്. ഇത് കൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണ്ണം മോഷ്ടിച്ച കേസ് ഇല്ലാതാകില്ലെന്നും അഴിമതിയും കൊള്ളയും ജന മനസുകളിൽ മായാതെ നിൽക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
‘രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവരോടാണ് പറയുന്നത്. സർക്കാരിൻ്റെ ശമ്പളം വാങ്ങി എകെജി സെൻ്ററിലെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കരുത്. പ്രത്യാഘാതം ഗുരുതരമായിരിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലന്നത് മറക്കരുത്’ വിഡി സതീശൻ പറഞ്ഞു.