ഇടുക്കിയിൽ മദ്യലഹരിയില്‍ എത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി വെട്ടികുളം വീട്ടില്‍ സുധീഷ് (35) ആണ് മാതാപിതാക്കളെ ഉപദ്രവിച്ചത്. വെട്ടേറ്റ അച്ഛന്‍ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ മധുവിനെയും മര്‍ദിച്ചു. തുടര്‍ന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു. വെട്ടേറ്റ് വീണ മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിലുള്ള മധു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടുമ്പന്‍ചോല പോലീസ് സുധീഷിനെ അറസ്റ്റു ചെയ്തു.

Related Posts