ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇന്ത്യയെപ്പറ്റി പരാമർശിച്ചു. ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും തൻ്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു. ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഒപ്പിട്ടു. യുഎസ് പ്രസി‍ഡണ്ട് ഡോണൾഡ് ട്രംപ്, ഈജിപ്ത് പ്രസി‍ഡണ്ട് അബ്ദുൽ ഫത്താ അൽ സിസി, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, തുർക്കി പ്രസിഡണ്ട് തയീപ് എർദോഗൻ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കളാണു കരാറിൽ ഒപ്പിട്ടത്.

ഇസ്രയേൽ പാർലമെന്റിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ, പുതിയ പശ്ചിമേഷ്യയുടെ ഉദയമാണു ഗാസ കരാറെന്നു ട്രംപ് പറഞ്ഞു. ട്രംപിനെ 2026ലെ സമാധാന നൊബേലിനു നാമനിർദേശം ചെയ്യുമെന്ന് ഇസ്രയേൽ പാർലമെന്റ് പ്രഖ്യാപിച്ചു. ഈജിപ്തിൻ്റെ പരമോന്നത പുരസ്കാരം ട്രംപിനു നൽകുമെന്നും പ്രഖ്യാപിച്ചു. ഇന്നുമുതൽ ഗാസയിലേക്കു രാജ്യാന്തര ഏജൻസികൾ കൂടുതൽ സഹായമെത്തിച്ചു തുടങ്ങും. പ്രതിദിനം 600 ട്രക്കുകൾ വീതം കടത്തിവിടുമെന്നാണ് ഇസ്രയേൽ അറിയിച്ചത്.

Related Posts