മുഖ്യമന്ത്രിയായിട്ടും മുടിവെട്ടാൻ 50 രൂപ മാത്രമാണ് ചെലവഴിക്കുന്നതെന്നും ലളിതമായ ജീവിതമാണ് തനിക്ക് ഇഷ്ടമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു മാധ്യമം സംഘടിപ്പിച്ച കർണാടക റൗണ്ട്‌ടേബിൾ പരിപാടിയിലാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്.
ഡൽഹിയിൽ താൻ വർഷങ്ങളായി മുടിവെട്ടുന്ന പരിചയമുള്ള ബാർബറുടെ അടുത്തേക്ക് തന്നെ പോകാനാണ് ഇഷ്ടമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ആയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ബാർബറെ വീട്ടിലേക്ക് വിളിച്ചുവരുത്താമെന്ന് നിർദേശിച്ചെങ്കിലും, താൻ നേരിട്ട് ബാർബർ ഷോപ്പിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ മുടിവെട്ടിയതിന് ബാർബറിന് 50 രൂപയാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വിലകൂടിയ വസ്തുക്കൾ തനിക്ക് ഇഷ്ടമല്ലെന്നും സുഹൃത്തുക്കൾ സമ്മാനമായി നൽകുന്ന ചില വിലകൂടിയ സാധനങ്ങൾ മാത്രമാണ് തൻ്റെ കൈവശമുള്ളതെന്നും ശിവകുമാർ പറഞ്ഞു. “സിമ്പിൾ ലൈഫാണ് എനിക്ക് ഇഷ്ടം” എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. അതേസമയം, ശിവകുമാറിൻ്റെ 50 രൂപ ഹെയർകട്ട് പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം ശിവകുമാറും ആശ്രിതരും ചേർന്ന് ഏകദേശം ₹1,413.78 കോടി ആസ്തി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശനം. റോളക്സ് വാച്ച്, ലൂയി വിറ്റോൺ സ്കാർഫ് തുടങ്ങിയ വിലകൂടിയ വസ്തുക്കളും ബിജെപി പരാമർശിച്ചു.
50 രൂപയുടെ മുടിവെട്ടും കോടികളുടെ ആസ്തിയും തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി ശിവകുമാറിൻ്റെ പ്രസ്താവന “ഇരട്ടത്താപ്പ്” ആണെന്നാണ് ബിജെപിയുടെ വിമർശനം.