ബെംഗളൂരുവിലെ ഓൾഡ് ചന്ദാപുരിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ അഗ്നിക്കിരയായി. സ്വകാര്യ ട്രാവൽസ് കമ്പനിയുടെ ബസുകൾക്കാണ് ഇന്ന് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഒരു ബസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ശക്തമായ തീയും പുകയും ഉയർന്നതോടെ സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലേക്കും തീ അതിവേഗം പടർന്നു. ഏതാനും മിനിറ്റുകൾക്കകം നാല് ബസുകളും പൂർണമായും കത്തിനശിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാൻ അഗ്നിശമനസേന ജാഗ്രത പുലർത്തി. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടോ മറ്റ് സാങ്കേതിക തകരാറുകളോ കാരണമായിരിക്കാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച അധികൃതർ വിശദമായ പരിശോധന നടത്തിവരികയാണ്.