ബെംഗളൂരു–ഹൈദരാബാദ് യാത്രയിൽ വൻ മാറ്റമുണ്ടാക്കുന്ന ബുള്ളറ്റ് ട്രെയിൻ ഇടനാഴി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽ കോറിഡോർ ഉൾപ്പെടെ മൂന്ന് പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ നിർമ്മിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതി യാഥാർഥ്യമായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വെറും 2 മണിക്കൂർ 35 മിനിറ്റിൽ എത്താൻ സാധിക്കും. നിലവിലെ യാത്രാസമയം ഗണ്യമായി കുറയുന്നതോടെ ബിസിനസ് യാത്രക്കാർക്കും ഐ.ടി. മേഖലയിലെ ജീവനക്കാർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

ഹൈദരാബാദ്–ബെംഗളൂരു കോറിഡോറിന് പുറമെ പൂനെ–ഹൈദരാബാദ്, ഹൈദരാബാദ്–ചെന്നൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴികളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദിനെ രാജ്യത്തെ പ്രധാന ഹൈ-സ്പീഡ് റെയിൽ ഹബ്ബായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായാണ് ആദ്യം സർവീസ് ആരംഭിക്കുക.

Related Posts