ബെംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ വ്യാപക റെയ്‌ഡിൽ 25.23 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മൂന്ന് വിദേശികൾ ഉൾപ്പെടെ 17 പേരെയാണ് വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യനഗർ, മഡിവാള, രാജാജിനഗർ, വൈറ്റ്ഫീൽഡ്, തിലക് നഗർ, യശ്വന്തപുര, ഇന്ദിരാനഗർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. റെയ്‌ഡിനിടെ വൻതോതിൽ വിവിധ ഇനം ലഹരിവസ്തുക്കളും അവയുടെ വിതരണവുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കണ്ടെടുത്തു.

കോളജ് വിദ്യാർഥികളെയും ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളിൽ ചിലർ നഗരത്തിൽ സജീവമായ ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നും കൂടുതൽ പേർക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരി ശൃംഖലയിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു.

Related Posts