കൊച്ചി പറവൂരിൽ ആശ ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിൻ്റെ മകൾ ദീപയെ പോലീസ് കസ്റ്റഡിൽ. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ആശയുടെ വീട്ടിൽ ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിൻ്റെ നീക്കം. ദീപയെ കലൂരിൽ നിന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശാ ബെന്നി(41) പണം കടം നൽകിയവരിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ആശയെ കോട്ടുവള്ളി പുഴയിൽ പള്ളിക്കടവ് ഭാഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഇവരെ ഉച്ചയോടെ വീട്ടിൽ നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തു.
ആശയെ ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയുമുണ്ട്. ദീപയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ദീപയുടെ ബന്ധുക്കളും അഭിഭാഷകരും പോലീസുമായി കസ്റ്റഡിയിലെടുക്കുന്നതിനിടെ തർക്കമുണ്ടായി. അതേസമയം ദീപയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് ദീപയുടെ അഭിഭാഷക ഫാത്തിമ രംഗത്തെത്തി.
ഒരാഴ്ച മുൻപ് പണം ചോദിച്ചെത്തിയവരുടെ സമ്മർദത്തെ തുടർന്ന് ഇവർ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 4 ദിവസം ഇതെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പലിശക്കാർ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. എസ്.പി. ഓഫീസിൽ അന്ന് ലഭിച്ച പരാതിയെ തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.
പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നൽകിയാണ് പോലീസ് ഇവരെ വിട്ടത്. പ്രദീപിന്റെയും ഭാര്യ ബിന്ദുവിൻ്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. 10 ലക്ഷത്തോളം രൂപ ഇവരിൽ നിന്നു പലപ്പോഴായി ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം.
1 ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നൽകാൻ മറ്റിടങ്ങളിൽ നിന്ന് ആശ കടം വാങ്ങിയതായാണ് വിവരം. മുതലും പലിശയും മടക്കി കൊടുത്തിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ ഭർത്താവ് ബെന്നി ആരോപിച്ചു.