ജനപഥങ്ങളിൽ സ്വാധീനം ചെലുത്തും വിധം കഥായുക്തമായ അതികല്പനകളിൽ ആഖ്യാനം ചെയ്യപ്പെട്ട പുരാവൃത്തങ്ങളിലെ ബിംബഭാഷകളുടെ ശരിയായ വിശകലനം, ചരിത്രപരവും ശാസ്ത്രീയവുമായ നേരറിവിനും സാംസ്കാരികവും രാഷ്ട്രീയവുമായ ദുരുപയോഗത്തെ ചെറുക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരൻ എം എം സചീന്ദ്രൻ അഭിപ്രായപ്പെട്ടു. ബംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിൽ “പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിഹാസകഥകളിൽ അന്തർലീനമായ സാംസ്കാരിക വൈജാത്യങ്ങളുടെയും വിരുദ്ധമായി വർത്തിക്കുന്ന ആശയങ്ങളുടെയും തിരിച്ചറിവ് സംസ്ക്കാരത്തിൻ്റെ ഏകശിലാവൽക്കരണത്തെ ചെറുക്കാൻ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തി കൈവരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കാലഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളിലൂടെ വിസ്തൃതമാക്കപ്പെട്ട മഹാഭാരതത്തിൽ അതതുകാലത്തെ അധികാരരൂപങ്ങളുടെ പാഠാന്തരങ്ങൾ ദൃശ്യമാണ്. അമ്പെയ്തു വേട്ടയാടി ജീവിക്കുന്നവരുടെ പ്രതിനിധിയായ ഏകലവ്യൻ ധനുർവിദ്യയിൽ ദ്രോണഗുരുവിനെ കവച്ചുവെക്കുന്നത് സംഭവ്യവും സ്വാഭാവികവുമായ കാര്യവും അക്ഷയപാത്രമെന്നത് അടുക്കളയുടെ ബിംബഭാഷയും, ശാപമെന്നത് പതിതൻ്റെ നിസ്സഹായതയുടെ എതിർവാക്കു മാത്രവുമായി കാണുന്ന കഥാപരതയിലെ ബിംബഭാഷയുടെ തിരിച്ചറിവ് നൽകുന്ന ചരിത്രപരമായ ബോധ്യമാണ് പുരാവൃത്തവായനയുടെ വെളിച്ചമാകേണ്ടത്, എം എം സചീന്ദ്രൻ വിശദമാക്കി.
സെമിനാറിൽ സുരേഷ് കോടൂർ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രപഠന കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങൾ പോലും ഇതിഹാസകഥകളിലെ അതികല്പനകളെ ഉപജീവിച്ച് ഉണ്ടാക്കിയെടുത്ത വ്യാജസിദ്ധാന്തങ്ങളാകുമ്പോൾ പുരാവൃത്ത പുനർവായന ഏറെ അനിവാര്യമാകുകയാണെന്ന് സുരേഷ് കോടൂർ പറഞ്ഞു.
സെമിനാറിന് അനുബന്ധമായി നടന്ന ‘പാട്ടും പൊറാട്ടും’ പരിപാടിയിൽ പ്രശസ്ത ഫോക് ലോർ കലാകാരൻ മണ്ണൂർ ചന്ദ്രൻ പൊറാട്ട് കളിയും അനുബന്ധ കലാചരിത്രവും സോദാഹരണം വിവരിച്ചു. നാടൻകലകളിൽ ഉൾചേർന്ന അടിയാളതയുടെ വിമോചന സ്വപ്നങ്ങളുടെയും ഗോത്ര തനിമയുടെയും ആഴമുദ്രകൾ പൊറാട്ട് ഗാനാലാപനങ്ങളോടൊപ്പം ആസ്വാദകരിലേക്ക് അദ്ദേഹം പകർന്നുനൽകി. മണ്ണുർ ചന്ദ്രൻ്റെ കലാസംഭാവനകൾ ശാന്തകുമാർ എലപ്പുള്ളി സദസ്സിന് പരിചയപ്പെടുത്തി. അന്തരിച്ച പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കരെ ആർ വി ആചാരി അനുസ്മരിച്ചു.
വല്ലപ്പുഴ ചന്ദ്രശേഖരൻ, എ. കെ. മൊയ്തീൻ കൊടുങ്ങല്ലൂർ, ബി എസ് ഉണ്ണിക്കൃഷ്ണൻ, ഗീത നാരായണൻ, തോമസ്, എന്നിവർ ചർച്ചയിൽ സംസാരിച്ചു. സുദേവൻ പുത്തൻചിറ സ്വാഗതവും ഫിലിപ്പ് ജോർജ്ജ് നന്ദിയും പറഞ്ഞു.