ഒഡീഷ തീരത്ത് ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദം ഒഡീഷ തീരത്ത് ശക്തമാകുന്നതിനാൽ കേരളത്തിൽ അതിതീവ്ര മഴ തുടരും. കേരളത്തിൽ മെയ് 31 വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. 4 ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്.

എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് വെള്ളിയാഴ്ച റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കാലാവർഷം ജൂൺ നാലോടെ സാധാരണനിലയിലാകുമെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം. കേരളത്തിൽ ഇക്കാലയളവിൽ ലഭിക്കേണ്ടതിൻ്റെ ഇരട്ടിമഴയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ലഭിച്ചത്. ഈ സമയം സാധാരണയായി 321 മില്ലീമീറ്റർ മഴയാണ് ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ 611 മില്ലീമീറ്റർ മഴ ലഭിച്ചു.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കാലവർഷക്കാറ്റ് ശക്തമായതോടെയാണ് മഴ തീവ്രമായത്. ചൊവ്വാഴ്‌ച രാത്രിമുതൽ ന്യൂനമർദം മുംബൈ തീരത്തേക്ക് നീങ്ങിയതോടെ മഴ പൊതുവെ കുറഞ്ഞു. പലയിടത്തും ഇന്നലെ വൈകീട്ടോടെ മഴ കനത്തത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്നാണ്. എന്നാൽ, വരും ദിവസങ്ങളിൽ മഴ കുറയുമെന്നാണ് പ്രവചനം.

Related Posts