തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ കനക്കുന്നു. 8 ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

രണ്ട് ദിവസമായി തമിഴ്‌നാടിൻ്റെ പല ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ചെന്നൈ അടക്കം ഡെൽറ്റ മേഖലയിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരി, വില്ലുപുരം, കടലൂർ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയിൽ കനത്ത മഴ പെയ്തു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ കോളേജുകൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, ട്രിച്ചി, ചെങ്കൽപട്ട്, തിരുവള്ളൂർ, റാണിപ്പേട്ട്, വില്ലുപുരം, കടലൂർ, തഞ്ചാവൂർ, മയിലാടുതുറൈ, തിരുവാരൂർ, കല്ലുറിച്ചി, ശിവഗംഗ, കാരയ്ക്കൽ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. ചെന്നൈയിലും പെരമ്പല്ലൂരിലും സേലത്തും സ്കൂളുകൾക്ക് മാത്രം അവധിയാണ്.

Related Posts