കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വൈകിട്ട് 5 മണിയോടെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തലസ്ഥാനത്ത് രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു.

അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജൂണ്‍ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ രണ്ടിന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂണ്‍ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ശക്തമായ സാഹചര്യമുള്ളതിനാലാണ് ഈ ജില്ലകളില്‍ മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്.

Related Posts