പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാകളക്ടർ എം.എസ്.മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. കനത്ത കാറ്റും മഴയും കാരണം പല സ്ഥലങ്ങളിലും വെളുക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, കിൻ്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, പ്രൊഫഷണൽ കോളേജുകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്‌കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും. അവധിക്കാലത്ത് കുട്ടികൾ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടിൽ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.