മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം കൂടി. തോട്ടിൽ വീണ് മൂന്നര വയസുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. കോഴിക്കോട് അന്നശ്ശേരി കൊളങ്ങരത്തുതാഴം നിഖിലിന്റെ മകൾ നക്ഷത്രയാണ് മരിച്ചത്. തോട്ടിൽ വീണ കുട്ടി ഒഴുക്കിൽപെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ വീണ് കാസർകോട് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ ഭവാനി (63) ആണ് മരിച്ചത്.
കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയൂരിൽ കഴിഞ്ഞ ദിവസം രണ്ട് തീർത്ഥാടകരെ കാണാതായിരുന്നു. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. കുടുംബത്തോടൊപ്പം കൊട്ടിയൂരിൽ ദർശനത്തിന് എത്തിയതായിരുന്നു നിഷാന്ത്.