മാനദണ്ഡങ്ങൾ പിൻവലിച്ച് ആശവർക്കർമാരുടെ ഓണറേറിയത്തിനുള്ള സർക്കാർ ഉത്തരവിറക്കി. 10 മാനദണ്ഡങ്ങളാണ് ഓണറേറിയം തുക ലഭിക്കാൻ ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇൻസെൻ്റിവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.

ആരോഗ്യ വകുപ്പ് നേരത്തെ സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. ആശപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്‌സ് സമരം ഇന്ന് ശക്തമാക്കിയിരുന്നു.

സെക്രട്ടറിയേറ്റ് ഉപരോധിച്ചും നടുറോഡിൽ കിടന്നും ഇരുന്നും ആശമാർ പ്രതിഷേധിച്ചു. ഇന്ന് സമരത്തിൻ്റെ അടുത്ത ഘട്ടം പ്രഖ്യാപിക്കും. പൊലീസ് സെക്രട്ടറിയേറ്റിൻ്റെ നാല് ഗേറ്റുകളും അടച്ചിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് പങ്കെടുത്തത്.

Related Posts