കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലും വിവിധയിടങ്ങളിൽ നാശം നേരിട്ടു. പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളൂരു നഗരത്തിൽ വിധാൻ സൗധ, ശിവാജി നഗർ, വിത്സൺ ഗാർഡൻ, ജെ.സി. റോഡ്, കെ.ആർ. മാർക്കറ്റ്, ടൗൺ ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രി ഏറെ വൈകിയും വാഹനങ്ങൾ വൈകുവോളം റോഡുകളിൽ കുരുങ്ങിക്കിടന്നു. സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് അഞ്ചുപേരാണ് കർണാടകയിൽ മരിച്ചത്. മൈസൂരു പെരിയപട്ടണയിലെ വിനോദ (61), റായ്ച്ചൂരു ജില്ലയിലെ മുദ്ഗലിനടുത്തുള്ള കോമലാപൂരിലെ കരിയപ്പ അയ്യപ്പ ഗണകിഹാൾ (48), ബെള്ളാരി നാഗേനഹള്ളിയിൽ പാടത്ത് ജോലിചെയ്യുന്നതിനിടെ കർഷകനായ ഗദ്ദിലിംഗപ്പ (32), ധർവാഡിലെ കലഗേരിയിലെ ജയശ്രീ സിരസംഗി (29), ഭട്‌കലിലെ അപ്സരകൊണ്ട ബീച്ചിന് സമീപത്തെ വിനായക് ഖാർവി (38) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്.

ഹുബ്ബള്ളി -ധാർവാഡ് നഗരങ്ങളിലാണ് കനത്തമഴയും ശക്തമായ മിന്നലുമുണ്ടായത്. ഗദഗിൽ മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളും കാറുകളും തകർന്നു. കുർത്ത്കോട്ടി, ഷൈഗോട്ടി എന്നിവിടങ്ങളിലെ കൃഷിയിടങ്ങൾ കനത്തമഴയിൽ മുങ്ങി.
ഭട്കലിലെ അപ്സരകൊണ്ട ബീച്ചിന് സമീപം മിന്നലിൽ രണ്ട് വിനോദസഞ്ചാരികൾക്ക് പൊള്ളലേറ്റു. ദാവണഗെരെ ജില്ലയിൽ ഞായറാഴ്ച്ച രാത്രിപെയ്‌ത മഴയിൽ 622 ഏക്കറിലെ നെല്ല്, പപ്പായ, കവുങ്ങ് എന്നിവയുൾപ്പെടെയുള്ള വിളകൾ നശിച്ചു. ചന്നഗിരി താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. ശിവമോഗ ജില്ലയിലെ ശിക്കാരിപുര പട്ടണത്തിലെ ഹുച്ചുരായ സ്വാമി തടാകത്തിനടുത്തുള്ള രാഘവേന്ദ്രസ്വാമി ക്ഷേത്രത്തിൽ വെള്ളംകയറി.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ ഞായറാഴ്‌ച രാത്രി കനത്ത മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് 53 ആടുകൾ ചത്തു. ആടുകളെ മേയാൻ കൊണ്ടുവന്നപ്പോഴാണ് മിന്നലേറ്റത്. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. സംഭവത്തിൽ വിശദ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും ഉടമയ്ക്ക് പര്യാപ്‌തമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts