ഖാൻ യൂനിസിലെ അൽ മവാസി മേഖലയിലെ ടെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അൽ-ബർദവീൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. ഭാര്യയോടൊപ്പം പ്രാർഥിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്‌താവനയിൽ അറിയിച്ചു.

ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഹമാസ് നേതൃത്വത്തിൻ്റെ മാധ്യമ ഉപദേഷ്ടാവായ താഹിർ അൽ-നോനോ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്‌ച പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിലായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 32 പലസ്‌തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇസ്രയേൽ റഫ നഗരത്തിലെ താൽ അൽ-സുൽത്താൻ പരിസരത്ത് നടത്തിയ ബോംബാക്രമണത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിൽ 3 പലസ്‌തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും മൃതദേഹങ്ങൾ ഗാസ മുനമ്പിൻ്റെ വടക്കൻ ഭാഗത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Posts