ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിമാൻഡ് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. തിരുവാഭരണം കമ്മീഷണർ റെജിലാലിൻ്റെ എതിർപ്പ് തള്ളിയാണ് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് നിർദേശിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.

സ്വർണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റിംഗ് നടത്താനുള്ള സാങ്കേതിക സൗകര്യം സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിനില്ലെന്ന് തിരുവാഭരണം കമ്മീഷണർ 2025 ജൂലൈ 30-ന് ദേവസ്വം സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അവഗണിച്ചാണ് സ്വർണപ്പാളികൾ ചെന്നൈയിലേക്ക് അയക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

റെജിലാലിന് സമ്മർദം ചെലുത്തി അനുകൂല തീരുമാനം നേടുകയും തുടർന്ന് ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകി ബോർഡിൻ്റെ അനുമതി നേടുകയും ചെയ്തതായി എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനായി വ്യാജ രേഖകളും തയ്യാറാക്കിയതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

സ്വർണപ്പാളികൾ ചെന്നൈയിലെത്തിച്ച സമയത്ത് നിയമാനുസൃതമായ കരാർ ഉണ്ടായിരുന്നില്ലെന്നും, പിന്നീട് 2025 ഓഗസ്റ്റ് 8-ന് ബെല്ലാരിയിൽ നിന്ന് മുദ്രപ്പത്രം വാങ്ങി ഓഗസ്റ്റ് 10-ന് വ്യാജകരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെന്നൈയിലെത്തിച്ച 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുമായി ഗൂഢാലോചന നടന്നതായാണ് എസ്‌ഐടി വിലയിരുത്തുന്നത്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പങ്ക് വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Related Posts