ആട് 3, 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏഴ് ദിവസം കൊണ്ടാണ് റെക്കോർഡ് കളക്ഷൻ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് ആഗോള റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം തന്നെ 18 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു. ഇതോടെ 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള സിനിമയായി ആട് 3 മാറി. ഇത് കൂടാതെ ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം കൂടെയാണ് ആട് 3.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ചിത്രം വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളേക്കാൾ സ്വീകാര്യതയാണ് ആട് – 3 ക്ക് ലഭിച്ചിരിക്കുന്നത്.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.