നിക്ഷേപകരെയും സംരംഭകരെയും ബംഗളുരുവിലേക്ക് സ്വാഗതം ചെയ്തത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയുടെ നിക്ഷേപ സാധ്യതകൾ ആഗോള വേദിക്കുമുന്നിൽ ഡി കെ ശിവകുമാർ അക്കമിട്ടു നിരത്തി. ബംഗളൂരു നഗരം ‘ഭാവിയുടെ നഗരമാണെന്നും’ നിക്ഷേപസൗഹൃദ ഭരണകൂടവും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുമാണ് നഗരത്തിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ പ്രതിഭാ സമ്പന്നമായ രാജ്യമാണെന്നും അടുത്ത 25 വർഷത്തെ വളർച്ചക്കായി രാജ്യം സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു. ലോകം ഇന്ന് ഇന്ത്യയെ വീക്ഷിക്കുകയാണെന്നും ഏഷ്യയുടെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് എല്ലാവിധ സഹകരണവും ഉറപ്പുനൽകിയ ഡി കെ ശിവകുമാർ നിക്ഷേപ വാഗ്ദാനങ്ങൾ വെറും കടലാസിലൊതുങ്ങില്ലെന്നും അവ പ്രാവർത്തികമാക്കുമെന്നും ഉറപ്പുനൽകി.
ലോകത്തിലെ മറ്റ് സാങ്കേതിക ഹബ്ബുകളുമായി അദ്ദേഹം ബംഗളുരുവിനെ താരതമ്യം ചെയ്തു. കാലിഫോർണിയയിൽ 13 ലക്ഷം എൻജിനീയർമാരുള്ളപ്പോൾ ബംഗളൂരുവിൽ അത് 25 ലക്ഷമാണെന്നും നഗരത്തിൻ്റെ പ്രധാന കരുത്ത് ഈ മനുഷ്യവിഭവശേഷിയാണെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും മറ്റും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
അടുത്ത ഒരു വർഷത്തിനിടയിൽ മെട്രോ ശൃംഖല 153 കിലോമീറ്ററായി വ്യാപിപ്പിക്കും. 2500 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 6000 ബസുകൾ പൊതുഗതാഗതത്തിനായി നിലവിലുണ്ട്. രണ്ടാം നിര, മുന്നാം നിര നഗരങ്ങളിലേക്കും ഗതാഗത സൗകര്യങ്ങൾ വ്യാപിപ്പിക്കും. ഏകദേശം 500ഓളം ഫോർച്യൂൺ കമ്പനികൾ നിലവിൽ ബംഗളൂരുവിലുണ്ട്. ഏറോസ്പേസ്, ഐ.ടി, മെഡിക്കൽ സയൻസ് മേഖലകളിൽ നഗരത്തിന് വലിയ സാധ്യതകളാണുള്ളത്. കർണാടകയിലെ 70 മെഡിക്കൽ കോളജുകളിൽനിന്നായി പ്രതിവർഷം 1.5 ലക്ഷം ആരോഗ്യപ്രവർത്തകർ പുറത്തിറങ്ങുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വ്യവസായ മന്ത്രി എം.ബി. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള കർണാടക പ്രതിനിധി സംഘത്തിനൊപ്പം ആമസോൺ, ലെനോവോ തുടങ്ങിയ നിരവധി ആഗോള കമ്പനികളുമായി ഡി.കെ.ശിവകുമാർ കുടിക്കാഴ്ച നടത്തുന്നുണ്ട്.