ആഗോള അയ്യപ്പസംഗമത്തിന് പമ്പയിലെ ത്രിവേണി മണൽപ്പുറത്ത് നാളെ നടക്കും. പമ്പ ത്രിവേണിയിലെ പ്രധാന വേദിയിൽ നാളെ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. അവസാനഘട്ടത്തിലെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഏകദേശം 3500 പ്രതിനിധികൾ പങ്കെടുക്കും. രജിസ്ട്രേഷൻ അയ്യായിരം കടന്നതിനാലാണ് പ്രതിനിധികളുടെ എണ്ണം 500 കൂടി കൂട്ടിയത്. പ്രവേശനം പാസുള്ളവർക്ക് മാത്രമായിരിക്കും. ദേവസ്വം മന്ത്രി വി.എൻ.വാസവൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം വിലയിരുത്തി.
ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അധിഷ്ഠിതമായ ചർച്ചകൾ നടക്കും. ആദ്ധ്യാത്മിക ടൂറിസത്തെക്കുറിച്ചും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുമെല്ലാം ചർച്ച ഉണ്ടാകും. വിവരങ്ങൾ ക്രോഡീകരിച്ച് തുടർന്നുള്ള വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം ദേവസ്വം ബോർഡ് നടത്തും.

സംഗമത്തിനെത്തുന്ന പ്രതിനിധികൾ ശബരിമല വികസനത്തിന് പണം സ്പോൺസർ ചെയ്താൽ സ്വീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുകളില്ല. സ്പോൺസർഷിപ്പിലൂടെയാണ് അയ്യപ്പസംഗമത്തിനുള്ള തുക കണ്ടെത്തിയത്. സംഗമം നടത്താൻ ഏഴ് കോടി രൂപ ചെലവുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് പറഞ്ഞു. എ.ഡി.ജി.പി എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ 1000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു.

Related Posts