ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രകൾക്കായി കേരള ആർടിസിയുടെയും കർണാടക ആർടിസിയുടെയും ടിക്കറ്റ് റിസർവേഷൻ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓഗസ്റ്റ് 19-ലെ സർവീസുകളിലേക്കുള്ള ബുക്കിങ്ങാണ് തുറക്കുക. ഓഗസ്റ്റ് 21, 22 തീയതികളിൽ യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതലായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്ന മുറയ്ക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിക്കും. കഴിഞ്ഞ വർഷം ഉത്രാടത്തലേന്ന് കേരള കർണാടക ആർടിസി 100ലധികം സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. സ്വകാര്യ ബസുകളിലെ ഓണം ടിക്കറ്റ് ബുക്കിങ് നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്.