ബെംഗളൂരുവിലെ ബനശങ്കരിയിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്ക് പദ്ധതിയും നിർദിഷ്ട മേൽപ്പാല പദ്ധതിയും ഒരുമിച്ച് നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ. കമ്മിഷണർ കെ.എൻ. രമേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക് പൊലീസും ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥരും നഗരാസൂത്രണ വിദഗ്ധരും പങ്കെടുത്തു.

ബനശങ്കരി മെട്രോ സ്റ്റേഷനും ബി.എം.ടി.സി ബസ് ടെർമിനലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സംയോജിത മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ് വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയാണ് യോഗത്തിൽ പ്രധാനമായി ചർച്ചയായത്. സ്കൈവാക്കും മേൽപ്പാലവും ഒരേസമയം നടപ്പാക്കാനാകുമോയെന്ന് വിശദമായ പഠനം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2023-ൽ 50 മുതൽ 55 കോടി രൂപ വരെയാണ് സ്കൈവാക്ക് പദ്ധതിയുടെ ചെലവ് കണക്കാക്കിയത്. ഇതിൽ 25 കോടി രൂപ നൽകാൻ ബി.എം.ആർ.സി.എൽ സമ്മതിച്ചിരുന്നെങ്കിലും ഭരണമാറ്റത്തെ തുടർന്ന് പദ്ധതി നിലച്ചുപോയിരുന്നു.

280 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള സ്കൈവാക്കിൽ വിശ്രമകേന്ദ്രങ്ങളും ലാൻഡ്സ്കേപ്പിംഗും ഉൾപ്പെടുത്താനാണ് പദ്ധതി. പ്രതിദിനം 50,000-ലധികം ബി.എം.ടി.സി യാത്രക്കാർ ഉപയോഗിക്കുന്ന ബനശങ്കരി ജംഗ്ഷനിൽ കാൽനടയാത്ര സുരക്ഷിതവും സുഗമവുമാക്കുകയാണ് ലക്ഷ്യം. തെക്കൻ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ട്രാൻസിറ്റ് ഹബ്ബുകളിലൊന്നായ ബനശങ്കരിയിൽ മെട്രോയും ബസ് സർവീസുകളും തമ്മിൽ യാത്ര ചെയ്യുന്നവർ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് വീണ്ടും ജീവൻവെക്കാനുള്ള ശ്രമം.

Related Posts