ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിക്കും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. സെപ്റ്റംബർ 12, 14 തീയതികളിലായി ഇരുദിശകളിലേക്കും ഓരോ ട്രിപ്പ് വീതമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ എസ്എംവിടി ബെംഗളൂരുവിലും കൃഷ്ണരാജപുരത്തും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

ട്രെയിൻ നമ്പർ 07325 എസ്എസ്എസ് ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 8.30ന് എസ്എസ്എസ് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. എസ്എംവിടി ബെംഗളൂരുവിൽ വൈകിട്ട് 4.30നും കൃഷ്ണരാജപുരത്ത് വൈകിട്ട് 4.53നും ട്രെയിൻ എത്തും.

മടക്കയാത്രയിൽ ട്രെയിൻ നമ്പർ 07326 തിരുവനന്തപുരം നോർത്ത്–എസ്എസ്എസ് ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ സെപ്റ്റംബർ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. സെപ്റ്റംബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45ന് എസ്എസ്എസ് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

ഹവേരി, ഹരിഹർ, ദാവണഗെരെ, അർസികെരെ, തുമകുരു, എസ്എംവിടി ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.

9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 9 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2 ലഗേജ്-കം-ബ്രേക്ക് വാനുകൾ ഉൾപ്പെടെ ആകെ 20 കോച്ചുകളുമായാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.

Related Posts