ബെംഗളൂരുവിൽ വാട്‌സ്ആപ്പിലൂടെ ലഭിച്ച വ്യാജ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ഏകദേശം 10 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പിനിരയായതായി പരാതി. വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ എത്തിയ APK ഫയൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തതോടെയാണ് തട്ടിപ്പിന് വഴിയൊരുങ്ങിയത്.

ഫയൽ ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലായെന്നും, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയ ശേഷം വിവിധ ഘട്ടങ്ങളിലായി പണം പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതായി സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം APK ഫയലുകളോ സംശയാസ്പദമായ ലിങ്കുകളോ പരിചയമില്ലാത്തവരിൽ നിന്ന് ലഭിച്ചാൽ തുറക്കുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

വിവാഹ ക്ഷണക്കത്ത്, പാർസൽ ട്രാക്കിംഗ്, കെവൈസി അപ്ഡേറ്റ്, വൈദ്യുതി ബിൽ തുടങ്ങിയ പേരുകളിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്നും, മൊബൈലിൽ അനധികൃത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Posts