ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ഒരേ ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്‍റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോചനീയാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ, വികസനത്തിനായി സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു. അതേസമയം, ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവന്നിരുന്നെങ്കിലും പിന്നീട് എൽഡിഎഫ് സർക്കാർ അത് ഉപേക്ഷിക്കുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ എതിർപ്പ് രേഖപ്പെടുത്തി. ഈ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

Related Posts