നാളെ ബെംഗളൂരു വിധാൻസൗധയിൽ നടക്കുന്ന ‘ഫ്രീഡം ഹബ്ബ’ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം 18,000ത്തോളം പേർ രജിസ്റ്റർ ചെയ്തതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) അറിയിച്ചു. സുരക്ഷയും തിരക്ക് നിയന്ത്രണവും കണക്കിലെടുത്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യുആർ കോഡ് ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.

പരിപാടി ദിവസത്തിൽ നേരിട്ടുള്ള രജിസ്ട്രേഷനോ വൈകിയുള്ള രജിസ്ട്രേഷനോ അനുവദിക്കില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം സൗജന്യം.

മൂന്ന് ഘട്ടങ്ങളിലായി പരിപാടി

ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ നടക്കുന്ന ഫ്രീഡം ഹബ്ബയിൽ 12 മുതൽ 3 വരെ സ്റ്റാളുകളും വിവിധ പ്രവർത്തനങ്ങളും, 3 മുതൽ 5 വരെ പരേഡ്, 5 മുതൽ 10 വരെ ലൈവ് സംഗീതപരിപാടികൾ, സ്റ്റേജ് പരിപാടികൾ, വെടിക്കെട്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒരു പ്രത്യേക ഘട്ടത്തിനായി രജിസ്റ്റർ ചെയ്തവർക്ക് അതത് സമയപരിധിയിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടുതൽ ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കാനും തിരക്ക് നിയന്ത്രിക്കാനും വേണ്ടിയാണ് ഈ ക്രമീകരണം.

വിപുലമായ സുരക്ഷാ സംവിധാനങ്ങൾ

പരിപാടി നടക്കുന്ന വേദിയിൽ 80 ബയോ ടോയ്‌ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 30 എണ്ണം വിധാന സൗധയിലും 50 എണ്ണം പരിസരത്തുമാണ്. പ്രധാന സ്ഥലങ്ങളിൽ കുടിവെള്ള വിതരണ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

സന്ദർശകരെ സഹായിക്കാൻ പ്രത്യേക ടി-ഷർട്ട് ധരിച്ച ‘May I Help You?’ വളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. രണ്ട് ഫയർ ടെൻഡറുകൾ, രണ്ട് ഫസ്റ്റ് എയ്ഡ് സെന്ററുകൾ, വിവിധ ഭാഗങ്ങളിലായി നാല് ആംബുലൻസുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾ നിയുക്ത ആശുപത്രികളുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തിക്കുക.

സ്ത്രീകൾക്കായി പ്രത്യേക സഹായകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. മുലയൂട്ടൽ മുറി, വിശ്രമ സൗകര്യം, സാനിറ്ററി സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും.

വിധാന സൗധ മെട്രോ സ്റ്റേഷൻ അടച്ചിടും

തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഡോ. ബി.ആർ. അംബേദ്കർ മെട്രോ സ്റ്റേഷൻ, വിധാന സൗധ ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 9.30 വരെ അടച്ചിടുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു.

ഈ സമയത്ത് ട്രെയിനുകൾ വിധാന സൗധ സ്റ്റേഷനിൽ നിർത്താതെ കടന്നുപോകും. യാത്രക്കാർക്ക് കബ്ബൺ പാർക്ക് അല്ലെങ്കിൽ സർ എം. വിശ്വേശ്വരയ്യ സ്റ്റേഷൻ, സെൻട്രൽ കോളേജ് എന്നിവ ഉപയോഗിക്കാം. രാത്രി 9.30ന് ശേഷം വിധാന സൗധ സ്റ്റേഷനിൽ പ്രവേശനം അനുവദിക്കും. പരിപാടി കഴിഞ്ഞ് ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങാൻ അധിക മെട്രോ, ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

പാർക്കിങ് സൗകര്യങ്ങൾ

ഫ്രീഡം ഹബ്ബയിൽ പങ്കെടുക്കുന്നവർക്ക് താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം:

ഫ്രീഡം പാർക്ക് MLCP, കണ്ഠീരവ സ്റ്റേഡിയം, UB സിറ്റി പാർക്കിങ്, ശിവാജിനഗർ MLCP, നെഹ്റു പ്ലാനറ്റോറിയം, സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പാർക്കിങ് ഏരിയ, യൂണിവേഴ്സിറ്റി പാർക്കിങ് (ജ്ഞാനജ്യോതി ഓഡിറ്റോറിയം), ഗവൺമെന്റ് ആർട്സ് കോളേജ് പാർക്കിങ്, ലിങ്ക് റോഡ് (ചിന്നസ്വാമി സ്റ്റേഡിയം) എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related Posts