സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം തമ്പാനൂരിൽ രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തിന് പിന്നാലെ വനിതാ യാത്രക്കാർക്കൊപ്പമുള്ള ആദ്യ സർവീസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യും. കെഎസ്ആർടിസിയിൽ പി.എസ്.സി മുഖേന നിയമിതയായ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന സർവീസ് ഓടിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര ലഭ്യമാകുന്ന ഓർഡിനറി ബസുകൾ തിരിച്ചറിയുന്നതിനായി ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. വരുമാനപരിധിയോ പ്രായപരിധിയോ ഉൾപ്പെടെയുള്ള പ്രത്യേക മാനദണ്ഡങ്ങളില്ലാതെയാണ് ആദ്യഘട്ടത്തിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം, പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചു. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി തങ്ങളുടെ എല്ലാ എം.എൽ.എമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിക്കെതിരെ ബി.ജെ.പിയും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.