കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ മത്സരിക്കുന്നു. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്‌ണൻ മത്സരിക്കുന്നത്. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് സി പി രാധാകൃഷ്ണൻ. മൂന്നു തവണ ലോക കേരളസഭ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ കൂടിയാണ് സി പി രാധാകൃഷ്‌ണൻ. എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്‌ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്.

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടുന്നത്. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളുരു സൗത്ത് ഡിസിസി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ആളാണ് സുനിൽ തോമസ് മണ്ണിൽ.

Related Posts