ശീതകാല വിമാന സർവീസ് സമയക്രമത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് അഞ്ച് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പുതിയ സമയക്രമത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതാണ് പ്രധാന പ്രഖ്യാപനം. ആഴ്ചയിൽ ഏഴ് ദിവസവും ഈ സർവീസ് ലഭ്യമാകും.

ആഭ്യന്തര സർവീസുകളുടെ ഭാഗമായി ഗോവയിലെ മോപയിലുള്ള മനോഹർ അന്താരാഷ്ട്ര വിമാനത്താവളം, ജോധ്പുർ, മധുരൈ എന്നിവിടങ്ങളിലേക്ക് ദിവസേന വിമാനങ്ങൾ ആരംഭിക്കും. ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ദിവസേന രണ്ട് സർവീസുകൾ വീതവും നടത്തും. ഈ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകളുണ്ടാകും.

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ശീതകാല സർവീസ് സമയക്രമമാണിത്. ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലായി 65 കേന്ദ്രങ്ങളെയും 220 റൂട്ടുകളെയും ബന്ധിപ്പിക്കുന്ന ശൃംഖലയാണ് വികസിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി 40-ലധികം പുതിയ റൂട്ടുകളിലും സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ ബെംഗളൂരുവിൽ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും പുതിയ സർവീസുകൾ പ്രയോജനപ്പെടും.

Related Posts