ബെംഗളൂരുവിൽ നിന്ന് നെലമംഗലയിലേക്ക് നമ്മ മെട്രോ സർവീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ ഗ്രീൻ ലൈനിൻ്റെ അവസാന സ്റ്റേഷനായ മാദവാരയിൽ നിന്ന് നെലമംഗലയിലേക്ക് 14 കിലോമീറ്റർ കൂടി മെട്രോ നീട്ടണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.

മാദവാരയിൽ നിന്ന് തുമക്കൂരുവിന് സമീപമുള്ള ബിഐഇസിയിലേക്ക് ഏകദേശം 60 കിലോമീറ്റർ മെട്രോ പാത നീട്ടുന്നതിനുള്ള വിശദമായ പദ്ധതിരേഖ (ഡിപിആർ) ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശം. മെട്രോ തുമക്കൂരു വരെ നീട്ടുന്നത് പ്രായോഗികമാണോയെന്ന് സർക്കാർ പരിശോധിച്ചുവരികയാണ്. പകരം നെലമംഗല വരെ മെട്രോ നീട്ടുകയും തുടർന്ന് തുമക്കൂരുവിലേക്ക് അതിവേഗ പ്രാദേശിക റെയിൽ ഗതാഗത സംവിധാനം (ആർആർടിഎസ്) ഒരുക്കുകയും ചെയ്യുന്ന സാധ്യതയും പരിഗണനയിലുണ്ട്.

നെലമംഗലയുടെ അതിവേഗ നഗരവൽക്കരണവും വർധിച്ചുവരുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് മെട്രോ നീട്ടണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടതായി നെലമംഗല എംഎൽഎ എൻ. ശ്രീനിവാസയ്യ പറഞ്ഞു. മാദാവരയിൽ നിന്ന് 14 കിലോമീറ്റർ പാത നീട്ടേണ്ടതിൻ്റെ ആവശ്യകത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായും തുടർനടപടികൾ സ്വീകരിക്കാൻ അദ്ദേഹം ബിഎംആർസിഎല്ലിന് നിർദേശം നൽകിയതായും എംഎൽഎ വ്യക്തമാക്കി.

മെട്രോ പാത കുനിഗൽ ബൈപാസ് വരെ നീട്ടണമെന്നാണ് തൻ്റെ നിർദേശമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്റ്റേഷൻ സ്ഥാപിച്ചാൽ തുമക്കൂരു ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ നിന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ ബെംഗളൂരുവിലേക്ക് എത്തുന്ന ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. മെട്രോയിലേക്ക് മാറിക്കയറി നഗരത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാനും സാധിക്കും. എന്നാൽ, നെലമംഗല വരെയുള്ള 14 കിലോമീറ്റർ മെട്രോ വിപുലീകരണത്തിന് ഇതുവരെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച സർക്കാർ പരിശോധനയും തുടർതീരുമാനങ്ങളുമാണ് ഇനി നിർണായകം.

Related Posts