ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ ആദ്യഘട്ടമായ കലേന അഗ്രഹാര–താവരക്കരെ പാത തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 6 മുതൽ 8 വരെ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന നടക്കും. പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ ഈ മാസം തന്നെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിർമാണം പൂർത്തിയായിട്ടും പാത തുറന്നുകൊടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രദേശവാസികൾ പ്രതീകാത്മക ഉദ്ഘാടനം നടത്തിയിരുന്നു. അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും സർവീസ് എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിനുമായിരുന്നു നാട്ടുകാരുടെ നടപടി. ബെന്നാർഘട്ട റോഡിന് സമാന്തരമായി കടന്നുപോകുന്ന പിങ്ക് ലൈനിൻ്റെ ഈ ഭാഗം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മെട്രോ പ്രയോജനപ്പെടും.
നിലവിൽ ബെന്നാർഘട്ട റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡുകളുടെ മോശം അവസ്ഥയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പാത തുറക്കുന്നതോടെ തെക്കൻ ബെംഗളൂരുവിലെ ജിഗനി, ആനേക്കൽ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രയും കൂടുതൽ സുഗമമാകും. മെട്രോ സർവീസ് ആരംഭിക്കുന്നതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും റോഡുകളിലെ തിരക്ക് ലഘൂകരിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.