സംഗീത പരിപാടിക്കിടെ നടത്തിയ ‘പഹൽഗാം’ പരാമർശം കന്നഡക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകൻ സോനു നിഗത്തിനെതിരെ കേസ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് . കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രസിഡൻ്റ് ധർമരാജ് അനന്തയ്യയാണ് പരാതി നൽകിയത്.
കന്നഡ സമൂഹത്തിൻ്റെ വികാരങ്ങളെ സോനു നിഗം നടത്തിയ പരാമർശങ്ങൾ വല്ലാതെ വ്രണപ്പെടുത്തി എന്നും കർണാടകയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പരാതി. നിരന്തരം കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സോനു നിഗത്തിൽ നിന്നും വിവാദപരാമർശമുണ്ടായത്. സംഗീത പരിപാടിക്കിടെ കന്നഡയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം മറുപടി നൽകിയതായി റിപ്പോർട്ട്.
വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയിൽ, തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ചിലത് കന്നഡയിലാണെന്നും കർണാടക എപ്പോഴും തന്നെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്. എന്നാൽ കന്നടയിൽ പാടണമെന്ന ആവശ്യം അദ്ദേഹത്തെ അസ്വസ്ഥനായിരുന്നു. പരുഷമായ ഭാഷയിലായിരുന്നു കന്നഡയിൽ പാടണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തെ ആരാധകൻ്റെ ആക്രമണാത്മക സ്വരം അസ്വസ്ഥനാക്കുകയായിരുന്നു.