അപകടകരമായ രീതിയിൽ മകൻ ബൈക്കഭ്യാസം നടത്തിയതിൻ്റെ പേരിൽ അച്ഛന് 25,000 രൂപ പിഴ. ഈ വർഷം മാർച്ചിൽ നടന്ന സംഭവത്തിൽ പ്രത്യേക മജിസ്ട്രേറ്റ് കോടതിയാണ് പ്രായപൂർത്തിയാകാത്ത മകൻ്റെ തെറ്റിന് അച്ഛനിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ബെംഗളൂരു രാജാജി നഗറിലെ വെസ്റ്റ് ഓഫ് കോഡ് റോഡിൽ മാർച്ച് 27-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവംനടന്നത്. അന്വേഷണത്തിൽ ശേഷാദ്രിപുരത്ത് താമസിക്കുന്ന ശക്തിവേലുവിൻ്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് കണ്ടെത്തുകയായിരുന്നു.
17-കാരൻ ഒരു ചക്രം മുകളിലോട്ടു ഉയർത്തിയും അമിത വേഗത്തിൽ ബൈക്ക് ഓടിച്ചും അഭ്യാസപ്രകടനങ്ങൾ കാട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്ന് ട്രാഫിക് പോലീസ് കേസെടുക്കുകയായിരുന്നു.