മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് ജുനൈദിന് പരിക്കേൽക്കുന്നത്. വ്ളോഗർ ജുനൈദിൻ്റെ വിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ഫോളോവേഴ്സ്. ഇന്നലെ വൈകീട്ട് റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ട ജുനൈദിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജുനൈദിൻ്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ ഞെട്ടലിലാണ് ഫോളോവേഴ്സ്.
ഒരുപാട് പേർ കളിയാക്കിയിട്ടും ഇതുവരെ മോശമായി ഒരുവാക്ക് പോലും പറയുന്നത് കണ്ടിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ‘ഇനി ട്രോളാൻ നിക്കണ്ട, അവൻ പോയി’, എന്നാണ് ഒരാളുടെ കമൻ്റ്.’കമൻ്റ് ബോക്സ് തിരഞ്ഞു ചിരിച്ചവർ തന്നെ കമൻ്റ് ബോക്സ് തിരഞ്ഞു കണ്ണീർ പൊഴിക്കുന്നു….’ എന്നാണ് ജുനൈദിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോകളിൽ വന്ന കമൻ്റുകളിലൊന്ന്.
‘വാർത്ത കേട്ടപ്പോൾ ഞെട്ടി, ഇത്രയേ ഉള്ളൂ മനുഷ്യൻ എന്ന് തോന്നി’. ‘ഒരാൾ മരിച്ചിട്ടല്ല സ്നേഹം കാണിക്കേണ്ടത്, നൽകണമായിരുന്നു’ എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. ‘കളിയാക്കിട്ടുണ്ട്, പക്ഷേ ഈ വേർപാട് കേട്ടപ്പോൾ എനിക്ക്വേണ്ടപ്പെട്ട ഒരാൾ പോയതുപോലെ തോന്നൽ’ എന്ന് പോകുന്നു മറ്റൊരു കമൻ്റ്, മരണവാർത്ത കേട്ട് കണ്ണ് നിറയുന്നെന്നും, അടുത്ത ഒരാൾ മരിച്ച പോലെയെന്നും ചിലർ പറയുന്നു.
ജുനൈദ് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ്. ഇൻസ്റ്റഗ്രാമിൽ 47.5K ഫോളോവേഴ്സ് ഉണ്ട്. തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മൺകൂനയിൽ ഇന്നലെ വൈകീട്ട് ജുനൈദ് ഓടിച്ച ബൈക്ക് ഇടിച്ച് മറിയുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുവഴിയെത്തിയ ബസ് ജീവനക്കാരാണ് ചേരയിൽ കുളിച്ച് കിടക്കുന്ന ജുനൈദിനെ കണ്ടത്. ജുനൈദിൻ്റെ തലയുടെ പിൻഭാഗത്ത് പരിക്കേറ്റിരുന്നെന്ന് പോലീസ് അറിയിച്ചു.