സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല അവലോകന യോഗം ചേരും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.

പകർച്ചവ്യാധികളുടെ നിലവിലെ സാഹചര്യം, രോഗവ്യാപനത്തിൻ്റെ തോത്, പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിൻ്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമായി ജില്ലാതലത്തിൽ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തും.

ഇതിനിടെ, പകർച്ചവ്യാധി വ്യാപനവും മരണങ്ങളും തടയുന്നതിനായി ആരോഗ്യവകുപ്പ് ഹൈപവർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ മേഖലയിലെ വിദഗ്ധർക്കൊപ്പം സ്വകാര്യ ആരോഗ്യരംഗത്തെ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാലാണ് സമിതിയുടെ ചെയർമാൻ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും ഡോ. ശ്രീജിത് എൻ. കുമാർ കൺവീനറായും പ്രവർത്തിക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുകയും ആവശ്യമായ ശുപാർശകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ചുമതല.

Related Posts