വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന പുതിയ താരിഫ് നയം കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ നയം. 2032 മാർച്ച് 31 വരെ അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിന് ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ ഏകദേശം 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ ഈടാക്കാനാണ് നയത്തിലെ പ്രധാന വ്യവസ്ഥ. ഇതോടെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ അധികബാധ്യതയുണ്ടാകാൻ സാധ്യതയുണ്ട്. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റു വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിൻ്റെ അടിസ്ഥാനത്തിലുമാണ് സർചാർജ് കണക്കാക്കുക. ഇന്ധന സർചാർജും പുതിയ നിരക്ക് ഘടനയുടെ ഭാഗമാകും.
വൈദ്യുതി ഉപഭോഗത്തിലെ തിരക്കേറിയ സമയമായ പീക്ക് സമയം വൈകീട്ട് ആറു മുതൽ രാത്രി 11.30 വരെയായി നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്തെ വൈദ്യുതി ഉപയോഗത്തിന് ബാധകമായ നിരക്കിൽ മാറ്റങ്ങളുണ്ടാകാം. പീക്ക് സമയത്തെ ഉപഭോഗം കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യകത നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.
പുതിയ താരിഫ് നയം നടപ്പിലാകുന്നതോടെ ഗാർഹിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ വൈദ്യുതി ചെലവിൽ വർധനയുണ്ടാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഓരോ വിഭാഗത്തിനുമുള്ള പുതുക്കിയ നിരക്കുകളും ബില്ലിലുണ്ടാകുന്ന കൃത്യമായ വർധനയും സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകം വ്യക്തമാകേണ്ടതുണ്ട്.