ഈജിപുര ഫ്ലൈഓവർ നിർമാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ഒക്ടോബറിൽ പണികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അധികൃതർ അറിയിച്ചു. മേൽപ്പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ കോറമംഗല 100 ഫീറ്റ് റോഡിൽ സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജ് ജഗ്ഷൻ ഭാഗത്തുനിന്ന് ട്രാഫിക് സിഗ്നലിന് കാത്തുനിൽക്കാതെ ഈജിപുര ശ്രീനിവാഗിലു ജങ്ഷനിലേക്ക് പോകാൻ സാധിക്കും. ഇത് മഡിവാള, കോറമംഗല, ജക്കസാന്ദ്ര തുടങ്ങിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കും.

പ്രധാനപ്പെട്ട ഭാഗങ്ങളിലെ ജോലികളെല്ലാം പൂർത്തിയായി. ഈ വർഷം ഒക്ടോബറിൽ പാലം ഗതാഗതത്തിനായി തുറക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. 2017-ലാണ് ഈജിപുര-കേന്ദ്രീയ സദൻ മേൽപ്പാലത്തിൻ്റെ നിർമാണം ആരംഭിച്ചത്. കരാർ ഏറ്റെടുത്ത കമ്പനി സാമ്പത്തികപ്രശ്‌നത്തെത്തുടർന്ന് പിൻമാറിയതടക്കമുള്ള കാരണങ്ങളാൽ 2.5 കിലോമീറ്ററോളം ദൈർഘ്യമുള്ള മേൽപ്പാലത്തിൻ്റെ നിർമ്മാണം മുടങ്ങുകയായിരുന്നു. പിന്നീട് സ്ഥലലഭ്യതാ പ്രശ്ന‌നങ്ങളും തടസ്സമായി. പോർട്ടൽ ഫ്രെയിം നിർമാണത്തിനുള്ള സ്ഥലം കണ്ടെത്താൻ കഴിയാതെവന്നതോടെയാണ് നിർമാണത്തിൽ തടസ്സം ഏർപ്പെട്ടത്. സ്ഥലം വിട്ടുനൽകാൻ സെയ്ൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് തയ്യാറായതോടെ ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു. 6000 ചതുരശ്ര മീറ്റർ സ്ഥലമാണ് സെയ്ൻ്റ് ജോൺസ് ആശുപത്രിയിൽനിന്ന് ഉൾപ്പെടെ ഏറ്റെടുക്കുന്നത്.

Related Posts