കർണാടകയിൽ സംസ്ഥാനവ്യാപകമായി പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നിർബന്ധമായും നൽകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കായി ജൂലൈ 4 വരെ വീടുകളിലെത്തി മരുന്ന് നൽകുന്ന പ്രത്യേക ഫോളോ-അപ്പ് പ്രവർത്തനവും ആരോഗ്യവകുപ്പ് നടത്തും. ഒരു കുട്ടിയും പോളിയോ പ്രതിരോധത്തിൽ നിന്ന് വിട്ടുപോകരുതെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
സംസ്ഥാനത്തുടനീളം 64.8 ലക്ഷം കുട്ടികൾക്ക് മരുന്ന് നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി യു.ടി.ഖാദർ അറിയിച്ചു. ഇതിനായി 36,078 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും 1.14 ലക്ഷം ആരോഗ്യപ്രവർത്തകരെയും 7,197 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.