മാസപ്പടി കേസിൽ എക്സാലോജിക് കമ്പനിയുടെ ഉടമ വീണ ടി.യുടെയും സിഎംആർഎൽ പ്രതിനിധികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങൾ വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കുറ്റമറ്റ അന്വേഷണം ഉറപ്പാക്കാനാണ് ഇഡിയുടെ നീക്കം.
എസ്എഫ്ഐഒയുടെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിചാരണ നടപടികളിൽ നിയമപരമായ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിൻ്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിക്കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. നിയമനടപടികളിൽ എന്തെങ്കിലും തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ തുടർനടപടികളെയും അത് ബാധിക്കാമെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഏജൻസി.
ഇതിൻ്റെ ഭാഗമായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്തു. ഇതിനുമുമ്പ് വീണ ടി.യെ രണ്ട് തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ്. കർത്തയെ വീണ്ടും ഹാജരാക്കിയത്.
എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് യഥാർഥത്തിൽ എന്ത് സേവനമാണ് നൽകിയതെന്ന കാര്യത്തിൽ വീണ ടി.യും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.
മൊഴികളിലെ വൈരുദ്ധ്യങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, സേവനകരാറുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.