ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ ദുൽഖർ സൽമാൻ്റെ വാഹനം കസ്റ്റംസ് വിട്ടു നൽകും. ദുൽഖറിൻ്റെ ലാൻഡ് റോവർ ഡിഫൻഡർ എന്ന വാഹനമാണ് കസ്റ്റംസ് തിരിച്ചു നൽകുന്നത്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടേതാണ് തീരുമാനം.

ദുൽഖറിൻ്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ എന്നീ മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ടായിരുന്നു ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും വാഹനം വിട്ടുനൽകുന്നില്ലെങ്കിൽ അതിൻ്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

പിന്നാലെയാണ് കസ്റ്റംസിൻ്റെ നീക്കം. ദുൽഖർ സൽമാന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസ്, ദുൽഖറിൻ്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു തുടർന്ന് രേഖകൾ പിടച്ചെടുത്തിരുന്നു.

Related Posts