ഡ്രൈവിങ് ടെസ്റ്റുകളിലെ കാലതാമസം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലറിനെ ഡ്രൈവിങ് സ്കൂൾ ഉടമകൾ സ്വാഗതം ചെയ്തു. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം മാറുമെന്നും അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഗണ്യമായി കുറയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ 28 പുതിയ അപേക്ഷകർക്കും 20 റീ-ടെസ്റ്റിനും അവസരം നൽകും. കൂടാതെ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവരുടെ അടിയന്തര അപേക്ഷകൾ പരിഗണിച്ച് ദിവസേന രണ്ട് പ്രത്യേക ടെസ്റ്റുകളും നടത്തും.
ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരേ ദിവസം നടത്താൻ വിലക്കിയിരുന്ന വ്യവസ്ഥയും പിൻവലിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് എട്ട് ദിവസത്തിനകം വീണ്ടും പരീക്ഷയ്ക്ക് അവസരം ലഭിക്കും. ലേണേഴ്സ് ലൈസൻസ് അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി അനുവദിക്കുമെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ പലതും പുതിയ സർക്കുലർ ഭേദഗതി ചെയ്യുന്നതാണ്. ടെസ്റ്റുകളുടെ എണ്ണം 60ൽ നിന്ന് 40 ആയി കുറച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുകയും അപേക്ഷകർക്ക് വലിയ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു.
അന്നത്തെ ഉത്തരവിൽ ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രായപരിധി, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ കർശന വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നതിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. പുതിയ പരിഷ്കാരങ്ങൾ ഡ്രൈവിങ് ടെസ്റ്റ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അപേക്ഷകർക്ക് വേഗത്തിൽ ലൈസൻസ് ലഭിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഡ്രൈവിങ് സ്കൂൾ ഉടമകൾ അഭിപ്രായപ്പെട്ടു.