മെക്‌സിക്കോയേയും കാനഡയേയും ലക്ഷ്യംവെച്ച് പ്രഖ്യാപിച്ച അധിക തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ച് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25% വരേയുള്ള ട്രംപിൻ്റെ തീരുവനയം ഓഹരി വിപണിയെ വലിയ തോതിൽ ബാധിച്ചിരുന്നു. ഈ സാഹചര്യം അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എപ്രിൽ 2 വരെ ട്രംപ് തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച്ചയാണ് ട്രംപ് തീരുവ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പുവെച്ചത്. ട്രംപ് വിപണയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് തീരുമാനം നീട്ടിവെച്ചതെന്ന സൂചനകൾ തള്ളിക്കളഞ്ഞു. ട്രംപ് അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കുന്ന അലൂമിനിയം, സ്റ്റീൽ ഇറക്കുമതികൾക്കുള്ള വിശാലമായ തീരുവകൾ പരിഷ്കരിക്കുകയില്ലെന്നും വ്യക്തമാക്കി. പിന്നാലെ തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതും നീട്ടിവെച്ചതായി മെക്‌സിക്കോയും കാനഡയും അറിയിച്ചു.

ഏപ്രിൽ 2 വരെ യു.എസ്. ഉത്പന്നങ്ങൾക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി മുന്നോട്ടു പോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും കനേഡിയൻ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കി. ലഹരിമരുന്ന് കള്ളക്കടത്ത്, നിയമവിരുദ്ധ കുടിയേറ്റം എന്നിവ തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെക്സിക്കോയ്ക്കും കാനഡയ്ക്കും യു.എസ്. 25% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത്.

ഇത് കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു. ഊർജമേഖലയുമായി ബന്ധപ്പെട്ട് കാനഡയിൽനിന്ന് ഇറക്കുമതിചെയ്യുന്ന എണ്ണയുൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് 10% ഇറക്കുമതിത്തീരുവയും യു.എസ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുടെ ഈ നയത്തിന് സമാനമായ രീതിയിലുള്ള മറുപടിയുമായി കാനഡയും മെക്‌സിക്കോയും രംഗത്തുവന്നു.

21 ദിവസത്തിനുള്ളിൽ 15,500 കോടി കനേഡിയൻ ഡോളറിനു മുകളിൽ വരുന്ന യു.എസ്. ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ ഡോളർ 3000 കോടി വിലമതിക്കുന്ന യു.എസ്. ഉത്പന്നങ്ങൾക്കുള്ള കാനഡയുടെ 25% തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരികയും ചെയ്‌തിരുന്നു. കനേഡിയൻ പ്രവിശ്യകൾ യു.എസ്. മദ്യത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തു.

Related Posts