സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. മുപ്പതിലധികം വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
സംസ്ഥാന, കേന്ദ്ര ദുരന്തനിവാരണ സേനകൾ, ഡൽഹി ഫയർ സർവീസ്, പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങിയവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയ വിദ്യാർഥികൾ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, മരണസംഖ്യ സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തുന്നില്ലെന്ന ആരോപണവുമായി സിജെപി രംഗത്തെത്തി.
ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടം മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളുണ്ടായിരുന്നതായും എമർജൻസി എക്സിറ്റ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. രണ്ട് വർഷം മുമ്പ് കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി അനധികൃതമായി നിർമിച്ചതായും റിപ്പോർട്ടുണ്ട്. ഒരു കിടക്കയ്ക്ക് വിദ്യാർഥികളിൽനിന്ന് പ്രതിമാസം 14,000 മുതൽ 18,000 രൂപ വരെ ഈടാക്കിയിരുന്നതായും വിവരം.
അപകടത്തിൻ്റെ പശ്ചാത്തലത്തിൽ അനധികൃതവും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾക്കെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി ശക്തമാക്കി. പ്രദേശത്തെ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപമുള്ള മറ്റൊരു കെട്ടിടം മൂന്ന് ദിവസത്തിനകം പൊളിച്ചുനീക്കാൻ നിർദേശം നൽകി.
നാല് നിലയിൽ കൂടുതലുള്ള അനധികൃത കെട്ടിടങ്ങൾ സീൽ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സത്യനികേതനിലെ ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ ഉടമയ്ക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.