ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലെത്തി എസ്‌എഫ്‌ഐ ഡൽഹി സെക്രട്ടറി കൂടിയായ മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചതായി റിപ്പോർട്ട്. 2021-ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിക്കാൻ എത്തിയതെന്ന് അറിയുന്നു.

അടുത്തിടെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഐഷി ഘോഷിനെതിരായ അറസ്റ്റ് നീക്കത്തിൻ്റെ വിവരം അറിഞ്ഞതോടെ മുതിർന്ന സിപിഎം നേതാക്കൾ എകെജി ഭവനിലെത്തി. അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് തടഞ്ഞതായും തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ നിയമവിരുദ്ധമായാണ് പൊലീസ് പാർട്ടി ആസ്ഥാനത്ത് പ്രവേശിച്ചതെന്നും യൂണിഫോം ധരിക്കാതെയായിരുന്നു ഉദ്യോഗസ്ഥർ എത്തിയതെന്നും സിപിഎം നേതാക്കൾ ആരോപിച്ചു. നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ പൊലീസ് മടങ്ങിയതായാണ് വിവരം.

Related Posts