കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ദില്ലിയിൽ നടത്തുന്ന പ്രതിഷേധം ശക്തമായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായതോടെ തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സമരക്കാരെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പാർലമെന്റ് മന്ദിരത്തിനും പ്രസ് ക്ലബ് പരിസരത്തും സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കി.

പ്രതിഷേധം മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിച്ചതോടെ ചില സ്റ്റേഷനുകളിൽ പ്രവേശനം നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ കർശനമാക്കുകയും ചെയ്തു. പാർലമെന്റിൻ്റെ എല്ലാ പ്രവേശന കവാടങ്ങളിലും അധിക സുരക്ഷാ സേനയെ വിന്യസിച്ചു.

അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

പാർലമെന്റിനകത്തും വിഷയം ചർച്ചയായി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ലോക്സഭ ഉച്ചയ്ക്ക് 2.30 വരെ നിർത്തിവെക്കേണ്ടിവന്നു. തുടർന്നും പ്രതിഷേധം ശക്തമായതിനാൽ ലോക്സഭയും രാജ്യസഭയും ഉൾപ്പെടെ ഇരുസഭകളുടെയും നടപടികൾ ഇന്ന് പലതവണ തടസ്സപ്പെട്ടു.

Related Posts