മൈസൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമേകാൻ രണ്ട് മേൽപ്പാലങ്ങൾകൂടി നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ്. ഇത് യാഥാർഥ്യമായാൽ, നഗരത്തിലെ മേൽപ്പാലങ്ങളുടെ എണ്ണം മൂന്നാകും. നഗരത്തിലെ പ്രധാനറോഡുകളായ വിനോബ റോഡ് (ഹുൻസൂർ റോഡ്), ജെഎൽബി റോഡ് എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ചെലവും സമയപരിധിയും ഉൾപ്പെടുത്തി വിശദമായ പദ്ധതിറിപ്പോർട്ടും തയ്യാറാക്കിവരുകയാണ്.
ജെഎൽബി റോഡിൽ സിറ്റി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബാബു ജഗ്ജീവൻ റാം സർക്കിളിൽനിന്ന് രാമസ്വാമി സർക്കിൾ, യെലെത്തോട്ട വഴി നഞ്ചൻകോട് റോഡ് ജങ്ഷൻവരെയും, വിനോബ റോഡിൽ ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ സർക്കിൾ മുതൽ വാല്മീകി സർക്കിൾ വഴി ഹിങ്കൽ വരെയും ഐശ്വര്യ പെട്രോൾ ബങ്ക് ജങ്ഷൻവരെയുമാണ് മേൽപ്പാലങ്ങൾ നിർമ്മിക്കുക.
അടിപ്പാതകൾ, മേൽപ്പാലങ്ങൾ, എക്സിറ്റ് പോയിൻറുകൾ എന്നിവ നിർമിക്കുന്നതിനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനായി വീഡിയോ സർവേ തുടങ്ങി. നീക്കംചെയ്യേണ്ട തെരുവുവിളക്കുകളും മരങ്ങളും സർവേയിൽ അടയാളപ്പെടുത്തുന്നുണ്ട്. പ്രവൃത്തിയുടെ പ്രാഥമികജോലി എന്നനിലയിൽ, പദ്ധതിക്കായി തിരഞ്ഞെടുത്ത റോഡുകളുടെ സൈഡിൽ മണ്ണ് കുഴിച്ചശേഷം സാംപിളുകൾ ശേഖരിച്ച് എൻജിനിയർമാർ മണ്ണ് പരിശോധന നടത്തിവരുകയാണ്.