ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡൽഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് രക്ഷപ്പെടാനായി ചാടിയ 3 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 വയസുള്ള സഹോദരങ്ങളായ ആൺകുട്ടിയും പെൺകുട്ടിയും ഇവരുടെ പിതാവുമാണ് മരിച്ചത്.
കുട്ടികളാണ് ബാൽക്കെണിയിൽ നിന്ന് തീ വ്യാപിച്ചതോടെ ആദ്യം താഴേക്ക് ചാടിയതെന്നാണ് വിവരം. അടുത്തുള്ള ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് യാഷ് യാദവും പിന്നാലെ ബാൽക്കണിയിൽ നിന്ന് ചാടി. ഇദ്ദേഹത്തെ ഐ.ജി.ഐ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയെയും മൂത്ത മകനെയും രക്ഷപ്പെടുത്തി ഐ.ജി.ഐ. ആശുപത്രിയിലേക്ക് മാറ്റി. 8 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും കെട്ടിടത്തിലേക്കുള്ള വൈദ്യുതി, പി.എൻ.ജി. ബന്ധങ്ങൾ വിച്ഛേദിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.